ഗാന്ധിചിത്രം തകർത്ത കേസ്: നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്‌സണൽ അസിസ്റ്റന്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്. രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി ഇവര്‍ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഇന്നു രാവിലെ കൽപറ്റ പൊലീസ് സ്റ്റേഷനിൽ അഞ്ചുപേരും ഹാജരായത്.

കോൺഗ്രസ് പ്രവർത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പൊലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരിൽ ഇയാൾ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഐ.പി.സി 427, 153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ചോദ്യംചെയ്യാന്‍ വിളിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇന്നലെ രാത്രി ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലെത്തി പ്രവർത്തകർ വലിയ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ, ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ച ജോർജ് എന്ന പ്രവർത്തകനെ സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

Top