ഗാന്ധിജയന്തി ദിനത്തിലെ സസ്യേതര ഭക്ഷണ വിലക്ക് പിന്‍വലിച്ച് റെയില്‍വേ

കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ സസ്യേതര ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് റെയില്‍വേ റദ്ദാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലെങ്ങും ആരും സസ്യേതര ഭക്ഷണം വിളമ്പുന്നില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന ഉത്തരവാണ് റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചത്. ഈ വര്‍ഷവും 2019,2020 വര്‍ഷങ്ങളിലും ഒക്ടോബര്‍ രണ്ടിന് സസ്യ ഭക്ഷണം മാത്രമേ ട്രെയിനില്‍ വിളമ്പാവൂ എന്നും ഉത്തരവിലുണ്ടായിരുന്നു.

റെയില്‍വേയിലെ ഭക്ഷണ വിതരണ ചുമതലയുള്ള ഐആര്‍സിടിസിയ്ക്കും എല്ലാ റെയില്‍വേ മേഖലാ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിരുന്നു. ഗാന്ധിജിയുടെ ജന്മദിനത്തിന്റെ മറവിലും സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വെയും എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഐആര്‍സിടിസിയ്ക്ക് റെയില്‍വേ ബോര്‍ഡ് കൈമാറിയത്.

ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ ജീവനക്കാര്‍ കഴിവതും സസ്യ ഭക്ഷണം കഴിയ്ക്കണമെന്ന് മാത്രമേയുള്ളൂ എന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

Top