നാഥുറാം ഗോഡ്‌സെയെ നായകനാക്കി നാടകം ; ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍

bhu-campus

ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ വീരപുരുഷനാക്കി നാടകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റ്റിവലിലാണ് ‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.

നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ നീക്കത്തെ കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞു. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുകയും ഗോഡ്‌സെയെ വീരപുരുഷനാക്കുകയുമാണ് നാടകത്തിന്റെ ലക്ഷ്യമെന്നും ഒരുക്കൂട്ടം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാടകത്തിലൂടെ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും രാഷ്ട്രത്തെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പരാതിക്കാര്‍ ആരോപിച്ചു.

ഹിന്ദു ബനാറസ് സര്‍വ്വകലാശാലയ്ക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ്. സര്‍വ്വകലാശാല സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി ഗാന്ധിജിയ്ക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഇത്തരം അവസ്ഥയില്‍ ഗാന്ധിജി അപമാനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല, അതുകൊണ്ട് ഗാന്ധിയെ പറഞ്ഞുവിടാന്‍ ഞാന്‍ തീരുമാനിച്ചു’ ഗോഡ്‌സെയുടെ ഇത്തരം സംഭാഷണങ്ങള്‍ക്ക് കാണികളില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ അപകട സൂചനയാണെന്നും പരാതി നല്‍കിയവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ പരാതി പൊലീസിന് നല്‍കിയതായാണ് വിവരം. എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Top