ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

ലണ്ടൻ : ബ്രിട്ടീഷ് ചലച്ചിത്രതാരം ഡയാന റിഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഗെയിം ഓഫ് ത്രോൺസ്’ ടിവി പരമ്പരയിലെ ഒലേന ടൈറൽ എന്ന കഥാപാത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ താരമാണ് ഡയാന. കാൻസർ ബാധയെ തുടർന്ന് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

നാടകരംഗത്തും മികവു തെളിയിച്ച ഡയാന, 1960 കളിൽ ‘ദി അവഞ്ചേഴ്സ്’ ടിവി പരമ്പരയിലെ രഹസ്യ ഏജന്റായ എമ്മ പീൽ എന്ന കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടി. ഡയാനയുടെ മകൾ റേച്ചൽ സ്റ്റിർലിംഗ് ആണ് മരണ വിവരം സമൂഹമാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്.

1938 ൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിലാണ് ഡയാന ജനിച്ചത് . 1959ൽ റോയൽ ഷേക്സ്പിയർ കമ്പനിയിലൂടെയാണ് അരങ്ങിലെത്തിയത്. കിങ് ലിയറിൽ കോർഡീലിയയുടെ വേഷം കയ്യടി നേടി. ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓൺ ഹർ മെജസ്റ്റി സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ബോണ്ട് ഗേൾ ട്രേസി ഡി വിസെൻസോ ആയി വേഷമിട്ടു. ബാഫ്ത, എമ്മി പുരസ്കാരങ്ങൾ നേടിയ ഡയാനയ്ക്ക് ആരാധകർ സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി നേർന്നു.

Top