വാതുവയ്പ്പുകാരെ നുണപരിശോധനക്ക് വിധേയരാക്കണം;നിര്‍ദേശവുമായി മുന്‍ പാക് താരം

കറാച്ചി: ക്രിക്കറ്റിലെ വാതുവെയ്പ്പുകാരെ പിടിക്കാന്‍ പുത്തന്‍ നിര്‍ദേശവുമായി മുന്‍ പാക് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജ. എല്ലാ താരങ്ങളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് രാജയുടെ നിര്‍ദേശം. വാതുവെയ്പ്പിന് കൂട്ടുനിന്നതിന് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാഖിന് ആറ് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജയുടെ പ്രസ്താവന.

ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത് ഭാവിയില്‍ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നാണ് രാജയുടെ വിശദീകരണം. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാറുണ്ട്. സമാനമായി തന്നെ കളിക്കാരെ നുണപരിശോധനാ ടെസ്റ്റുകള്‍ക്കും ഭാവിയില്‍ വിധേയരാക്കണം. താരങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടുണ്ടോയെന്നു ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് റമീസ് രാജ പറയുന്നത്.

വാതുവയ്പ്പ് തടയാന്‍ നിരവധി നിയമങ്ങളുണ്ട്. താരങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വേറെ. എന്നാലിപ്പോഴും വാതുവെയ്പ്പ് നിയന്ത്രിക്കാനാവുന്നില്ല. കരിയറിന്റെ രണ്ടു കാലഘട്ടത്തിലാണ് വാതുവയ്പുകാര്‍ ഒരു താരത്തെ ഉന്നം വയ്ക്കാറുള്ളത്. ഒന്ന് ഒരു താരത്തിന്റെ കരിയറിന്റെ അവസാന കാലത്തായിരിക്കും. ആ സമയത്ത് താരത്തിന് ഒന്നും നഷ്ടമപ്പെടാനുണ്ടാവില്ല. മറ്റൊന്ന് കരിയറിന്റെ തുടക്കകാലത്താണ്. ഈ സമയത്ത് താരങ്ങള്‍ പെട്ടന്ന വലയില്‍ വീഴുമെന്നും റമീസ് രാജ പറഞ്ഞു.

Top