ഗംഭീറും ധോണിയും തമ്മില്‍ പിണക്കത്തില്‍?; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഗംഭീര്‍

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ധോണിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗംഭീര്‍ ഇതിനകം തന്നെ പലതവണ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങളും പരന്നു. ഗംഭീറിന്റെ പുറത്താക്കലിന് കാരണം ധോണിയാണെന്ന തരത്തിലായിരുന്നു പല റിപ്പോര്‍ട്ടുകളും പുറത്തു വന്നത്.

പക്ഷേ ഇപ്പോള്‍ ആ വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ട് ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനുമായി കളിക്കളത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വ്യക്തിപരമായി തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കുടുംബങ്ങളില്‍ പോലും വ്യത്യസ്ത അഭിപ്രായമുണ്ടാകും, അത് സ്വാഭാവികമാണ്. എല്ലാവരും ഒരേ കാര്യം തന്നെ പറഞ്ഞാല്‍ വളര്‍ച്ച മുരടിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ധോണിയുമായി കളിക്കളത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും ഗംഭീര്‍ സമ്മതിച്ചു.

സ്വന്തം നിലയില്‍ ആശയങ്ങളുള്ള വ്യക്തിയാണ് താന്‍. ഇന്നേവരെ ധോണിയുമായി വ്യക്തിപരമായി ഒരു കാര്യത്തിലും വ്യക്തിപരമായി ഉടക്കിയിട്ടില്ല. ധോണിയും താനും തമ്മില്‍ എത്രയോ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. ടി20 ലോകകപ്പും, ഏകദിന ലോകകപ്പും ഉള്‍പ്പെടെ ഒട്ടനവധി കളികള്‍ ഒരുമിച്ചു കളിച്ചു ജയിച്ചു. ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങള്‍ മറക്കാന്‍ പറ്റാത്തതാണെന്നും ഗംഭീര്‍ പറഞ്ഞു.

Top