ലഡാക്ക് സംഘര്‍ഷം; ചൈന ‘കനത്ത വില’ നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈന ‘കനത്ത വില’ നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയ്‌ക്കെതിരെ സൈനികമായി നിലകൊണ്ടത് അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മഹാമാരിക്കാലത്തും കിഴക്കന്‍ ലഡാക്കിലും ദക്ഷിണ ചൈന കടലിലുമുണ്ടായ തെറ്റിദ്ധാരണ മൂലം ചൈന വലിയ സാമ്പത്തിക പ്രയാസം നേരിടേണ്ടി വരും. ബെയ്ജിങ്ങിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന സംഭവങ്ങളാണിത്. യുഎസുമായുള്ള നികുതിയുദ്ധം, വ്യാപാരവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയുമായുള്ള കലഹം, ഹോങ്കോങ്ങിലെ വഷളായ സാഹചര്യം എന്നിവയും ചൈനയ്ക്കു ദോഷകരമാണ്.

‘കിഴക്കന്‍ ലഡാക്കിലെ ആക്രമണാത്മക സൈനിക പെരുമാറ്റത്തിലൂടെ ചൈന വലിയ തെറ്റ് ചെയ്തു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ലോകം നേരിട്ടു കൊണ്ടിരിക്കെ ഈ നിലപാടിലൂടെ ആഗോളതലത്തില്‍ ചൈന സ്വയം തുറന്നുകാട്ടി’ മുന്‍ ആര്‍മി സ്റ്റാഫ് ഡപ്യൂട്ടി ചീഫ് ലഫ്. ജനറല്‍ ഗുര്‍മിത് സിങ് പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയിലെ ക്രൂരമായ ആക്രമണത്തിലൂടെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രാഷ്ട്രീയശക്തി മാത്രമാണെന്നും സൈനിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നുമുള്ള കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിയെന്നും ഗുര്‍മിത് സിങ് പറഞ്ഞു. സൈനിക ആക്രമണം മൂലം ചൈന സ്വയം ഒറ്റപ്പെടുകയാണെന്നും ഇതിനു നയതന്ത്ര, സാമ്പത്തിക തലത്തില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുന്‍ ആര്‍മി സ്റ്റാഫ് ചീഫ് ലഫ്. ജനറല്‍ സുബ്രത സാഹയും പറഞ്ഞു.

Top