ഗെയില്‍ ലൈന്‍ പദ്ധതി, കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ച പരാജയം

കോഴിക്കോട്: കൊച്ചി – മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ച പരാജയം.

സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പദ്ധതിയുടെ അലൈന്‍മെന്റ് ജനവാസകേന്ദ്രങ്ങളില്‍ നിന്നും മാറ്റണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്.

ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം പുനരാരംഭിക്കുന്ന കാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സമരസമിതി വക്താക്കള്‍ അറിയിച്ചു.

അതേസമയം ഗെയില്‍ സമരം ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് വ്യവസായമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ആരോപണം.

വീടിന്റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരുമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top