ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പരിശീലനം തുടങ്ങി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പരിശീലനം ആരംഭിച്ചു. റഷ്യയിലാണ് നാല് ബഹിരാകാശ യാത്രികരുടെ പരിശീലനം നടക്കുന്നത്. ഒരുവര്‍ഷമാണ് പരിശീലന കാലയളവ്. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയാണ് ഗഗന്‍യാന്‍.

പരിശീലനം മോസ്‌കോയിലെ ഗഗേറിയന്‍ റിസര്‍ച്ച് ആന്‍ഡ് ടെസ്റ്റ് കോസ്‌മോനട് സെന്ററിലാണ് നടക്കുക. ഇവിടെ യാത്രികര്‍ക്കുള്ള ബയോമെഡിക്കല്‍ പരിശീലനവും കായിക പരിശീലനവും ഉണ്ടാകും. ഐഎസ്ആര്‍ഒ തന്നെയാണ് ഈ യാത്രികരെ തെരഞ്ഞെടുത്തത്. സോയൂസ് ബഹിരാകാശ പേടകത്തിന്റെ വിശദാംശങ്ങളും പ്രത്യേക II-76എംഡികെ എയര്‍ ക്രാഫ്റ്റിനെ കുറിച്ചും ഇവര്‍ പഠിക്കും.

ബഹിരാകാശത്തെ കാലാവസ്ഥ, ഭൂമിശാസ്ത്ര മേഖല എന്നിവയെ കുറിച്ചും ഇവര്‍ക്ക് പരിശീലനം ലഭിക്കും. ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററുമായുള്ള കരാര്‍ പ്രകാരം ബഹിരാകാശ യാത്രയ്ക്കുള്ള ഇന്ത്യന്‍ യാത്രികര്‍ക്ക് ആസൂത്രിതമായ പരിശീലനം ആരംഭിച്ചതായി റഷ്യന്‍ ബഹിരാകാശ ബിസിനസ് കമ്പനിയായ ഗ്ലാവ്‌കോസ്‌മോസ് അറിയിച്ചു.

Top