മനുഷ്യനെ ബഹിരാകാശത്ത് അയക്കാന്‍ ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍വിഎം3 റോക്കറ്റിന് വേണ്ടിയുള്ള ക്രയോജനിക് എൻജിന്‍ വിജയകരമായി പരീക്ഷിച്ചു. ഇതോടെ എൻജിന് ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കാനുള്ള യോഗ്യതയും അംഗീകാരവും ലഭിച്ചു.
മനുഷ്യരായ ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യത്തിനായി 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗഗന്‍യാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ സഞ്ചാര ദൗത്യമാണിത്. 2024 പകുതിയോടെ ഗഗന്‍യാന്‍ ആദ്യ ആളില്ലാ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോളിഡ്, ലിക്വിഡ്, ക്രയോജനിക് സ്‌റ്റേജുകളുള്ള റോക്കറ്റ് ആണ് എല്‍വിഎം 3. സിഇ20 ക്രയോജനിക് എൻജിനില്‍ നടത്തിയ വാക്വം ടെസ്റ്റുകളില്‍ ഏഴാമത്തേത് മഹേന്ദ്രഗിരിയിലെ ബഹിരാകാശ ഏജന്‍സിയുടെ ഹൈ ആള്‍ടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയില്‍ വെച്ച് ഫെബ്രുവരി 24 നാണ് നടത്തിയത്. ഇതിന് മുമ്പ് 39 ഹോട്ട് ഫയറിങ് പരീക്ഷണങ്ങളും സിഇ20 എൻജിനില്‍ നടത്തി.
ഇതോടെ ആദ്യ ഗഗന്‍യാന്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള എല്ലാ അനുമതികളും സഇ20 എഞ്ചിന് ലഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.