ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ദൗത്യം; ഗഗൻയാൻ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍

കൊച്ചി : ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഇതിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് എ.രാജരാജൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കുമിതെന്നാണ് എ.രാജരാജൻ പറയുന്നത്.

ഗഗൻയാൻ ആദ്യ പരീക്ഷണ വാഹന വിക്ഷേപണം ഒക്ടോബർ മൂന്നാം വാരം നടക്കുക എന്നാണ് എ.രാജരാജൻ പറഞ്ഞത്. ഈ വര്‍ഷം ഇത്തവണ റെക്കോർഡ് വിക്ഷേപണങ്ങൾ ആണ് നടത്തുന്നത് എന്നാണ് എ.രാജരാജൻ പറയുന്നത്. 12 വിക്ഷേപണങ്ങളാണ് ഇത്തവണ നടത്തിയത്. സൂര്യനിലേക്കുള്ള ഐഎസ്ആര്‍ഒ ദൌത്യമായ ആദിത്യ L1 ഇന്നോ നാളെയോ അതിന്റെ സൂര്യന് അടുത്തേക്കുള്ള പാതയിൽ പ്രവേശിക്കും. ജനുവരി യോടെ ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് എ.രാജരാജൻ പറഞ്ഞു.

അതേ സമയം പിടിഐ റിപ്പോര്‍ട്ട് പ്രകാരം ഗഗൻയാനിന്റെ ആദ്യത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി2, ഗഗൻയാനിന്റെ ആദ്യത്തെ അൺക്രൂഡ് ദൗത്യം (എൽവിഎം3-ജി1) എന്നിവ പിന്നാലെയുണ്ടാകും. പരീക്ഷണ വാഹന ദൗത്യങ്ങളുടെ (TV-D3, D4) രണ്ടാം ശ്രേണിയും റോബോട്ടിക് പേലോഡോടുകൂടിയ LVM3-G2 ദൗത്യവുമാണ് അടുത്ത ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പരീക്ഷണ പേടക വിക്ഷേപണത്തിന്റെയും അൺക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് ക്രൂ (മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന) ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂ എസ്‌കേപ്പ് സംവിധാനം പരീക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരിഗണന.

രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. ഐഎസ്ആർഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം3 റോക്കറ്റാണ് ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്.

Top