പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാവണമെന്ന് നിതിന്‍ ഗഡ്കരി

gadkari

ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാവണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നും പാര്‍ട്ടി വിടരുതെന്നുമാണ് ശനിയാഴ്ച പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ ഗഡ്കരി സംസാരിച്ചത്. പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തിലല്ല താനുള്ളതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഈ ഘട്ടത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പര്യമില്ലെന്നും തുടക്കത്തില്‍ കേന്ദ്ര നേതാവാകാന്‍ താല്‍പര്യമുള്ള വ്യക്തി ആയിരുന്നില്ല താനെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഗഡ്കരി വിശദമാക്കി. പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും പദവികളോട് അതിമോഹമുള്ള വ്യക്തിയല്ല താനെന്നും ഗഡ്കരി പറഞ്ഞു.

ദുര്‍ബലമാക്കപ്പെട്ട നിലയിലുള്ള കോണ്‍ഗ്രസ് ജനാധിപത്യത്തിന് അനുകൂലമായ ഒന്നല്ല. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഏറ്റെടുക്കുന്നത് മികച്ച കാര്യമല്ലെന്നും ഗഡ്കരി പറഞ്ഞു. 1950ല്‍ അടല്‍ ബിഹാരി വാജ്‌പേയി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ ബഹുമാനം നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

ജനാധിപത്യ സമൂഹത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. എല്ലാ കോണ്‍ഗ്രസുകാരും പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. പരാജയത്തില്‍ തളരരുതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷവും ഭരണപക്ഷവും ജനാധിപത്യത്തിലെ രണ്ട് ചക്രങ്ങളാണ്.

ബിജെപിയുടെ ഏറ്റവും മോശം കാലമായിരുന്ന 1980കളില്‍ പാര്‍ട്ടി വിടാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിചാകര്‍ അടക്കമുള്ളവര്‍ ഉപദേശിച്ചപ്പോള്‍ താന്‍ പ്രത്യയ ശാസ്ത്രങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്തതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Top