രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യം; പ്രവർത്തകർ പാർട്ടിയിൽ തുടരണം: നിതിൻ ​ഗഡ്കരി

പുനെ: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ ഇടം പിടിക്കുന്നത് തടയാന്‍ ശക്തമായ കോണ്‍ഗ്രസ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുനെയിലെ മാധ്യമ പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസുകാരോട് അവരുടെ ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കാനും പാര്‍ട്ടിയില്‍ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അനിവാര്യമാണ്. ദുര്‍ബലമായ കോണ്‍ഗ്രസ് ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നും അതിന്റെ സ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് നല്ല ലക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടല്‍ ബിഹാരി വാജ്പേയി 1950 കളുടെ അവസാനത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ ആദരിച്ചിരുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍ ആരും തങ്ങളുടെ പ്രത്യയശാസ്ത്രത്തെയോ പാര്‍ട്ടിയെയോ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താനില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ‘ഞാനൊരു ദേശീയ രാഷ്ട്രീയക്കാരനാണ്, ഈ ഘട്ടത്തില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യമില്ല. ഒരുകാലത്ത് കേന്ദ്രത്തില്‍ പോകാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. ഞാനൊരു വിശ്വാസാധിഷ്ഠിത രാഷ്ട്രീയക്കാരനാണ്, പ്രത്യേകിച്ച് അതിമോഹമുള്ളയാളല്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതിന്‍ ഗഡ്കരിയുടെ നിലപാടിനെ സ്വാഗതം കോണ്‍?ഗ്രസ് സ്വാ?ഗതം ചെയ്തു. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന് ബിജെപി നേതാക്കള്‍ മുദ്രാവാക്യം ഉയര്‍ത്തുന്നതിനിടയില്‍ ഗഡ്കരിയുടെ നിലപാട് ശ്രദ്ധേയമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം ഗഡ്കരി, മോദിയോട് സംസാരിക്കണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് വ്യക്തമാക്കി.

 

Top