അന്ന് ഇവര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു

വിടെ ശരി വി.എസും പി.ടി തോമസും സുധീരനുമാണ്. മാപ്പു പറയേണ്ടതാവട്ടെ കുലംകുത്തികളായ ബിഷപ്പുമാരുമാണ്.

പി.ടി തോമസിന്റെ പ്രതീകാത്മക ശവമഞ്ചഘോഷയാത്ര നടത്തിയവര്‍ കണ്ണുതുറന്നു കാണണം ഈ മാഹാദുരന്തം. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഉറച്ച നിലപാടെടുത്തതിന്റെ പേരിലാണ് അന്ന് ഇടുക്കിയെ കോണ്‍ഗ്രസ് എം.പിയായിരുന്ന പി.ടി തോമസിന്റെ ശവമഞ്ച ഘോഷയാത്ര ഒരുവിഭാഗം നടത്തിയിരുന്നത്.

ഇടുക്കി, താമരശേരി ബിഷപ്പുമാരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വിശ്വാസിസമൂഹത്തെ തെരുവിലിറക്കി പ്രതിരോധം തീര്‍ത്തത്. പി.ടി തോമസിനെ ഒറ്റുകാരനാക്കി ഒറ്റപ്പെടുത്തിയാണ് ഇക്കൂട്ടര്‍ കടന്നാക്രമിച്ചിരുന്നത്. പ്രകൃതിലോല പ്രദേശത്തെ തകര്‍ക്കുന്ന ക്വാറി മാഫിയയും റിസോര്‍ട്ട് ലോബിയും കൈയ്യേറ്റക്കാരുമെല്ലാം ഒന്നായി കൈകോര്‍ത്താണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരുന്നത്.

ഇവരുടെ സാമ്പത്തിക, മത താല്‍പര്യങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയ നേതൃത്വങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. ഇടുക്കിയിലെ സിറ്റിങ് എം.പിയായിട്ടും പി.ടി തോമസിന് സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ അവസരവാദ നിലപാടാണ് ഇതുവഴി അന്ന് തുറന്നു കാണിക്കപ്പെട്ടിരുന്നത്.

അഴിമതിരഹിത പ്രതിഛായയുള്ള കോണ്‍ഗ്രസിലെ അപൂര്‍വം നേതാക്കളില്‍ പ്രമുഖനാണ് പി.ടി തോമസ്. നിലപാടുകളുടെ പേരില്‍ തെറിക്കുന്നതാണ് അധികാര കസേരയെങ്കില്‍ അത് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാടാണ് അന്നും ഇന്നും പി.ടിയ്ക്കുള്ളത്. ഈ ജനകീയ നിലപാട് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ബിഷപ്പുമാരെ കണ്ടാല്‍ കവ്വാത്തു മറക്കുന്ന പ്രകൃതി ദ്രോഹികള്‍ക്ക് പി.ടി ശരിക്കും കണ്ണിലെ കരട് തന്നെയാണ്.

രാജ്യം കണ്ട മികച്ച പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിലിനെ കള്ളം പറയുന്നവനായും ഈ വിഭാഗം ചിത്രീകരിച്ചു. എന്നാല്‍ ഗാഡ്ഗില്‍ അന്നു നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ കേരളത്തില്‍ മഹാദുരന്തം വിതച്ചിരിക്കുന്നത്. ‘പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അതിന് ഇനി യുഗങ്ങള്‍ കാത്തിരിക്കേണ്ടി വരില്ലെന്നും അഞ്ചു വര്‍ഷം കൊണ്ട് തന്നെ നമുക്ക് അത് അനുഭവിക്കാമെന്നുമാണ്’ ഗാഡ്ഗില്‍ പറഞ്ഞിരുന്നത്. അതാണ് ഒന്നാം പ്രളയകാലത്തും രണ്ടാം ദുരന്തത്തിലും ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ആരാണ് കള്ളം പറഞ്ഞതെന്ന കാര്യം ഇവിടെ പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയത്തോടെ തന്നെ ഗാഡ്ഗില്‍ പറഞ്ഞതാണ് ശരിയെന്നു മലയാളികള്‍ക്ക് മനസിലായി തുടങ്ങിയിരുന്നു. എന്നിട്ടും പാഠം പഠിക്കാതായതോടെയാണ് പ്രളയ വാര്‍ഷികത്തില്‍ പ്രകൃതി തന്നെ വീണ്ടും വിശ്വരൂപം പുറത്തെടുത്തിരിക്കുന്നത്.

പി.ടി തോമസിനെപ്പോലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാക്കള്‍ വി.എസ് അച്യുതാനന്ദനും വി.എം സുധീരനും മാത്രമായിരുന്നു. നിലപാടിന്റെ പേരില്‍ ഇടുക്കിയില്‍ സീറ്റ് നിഷേധിച്ച പി.ടി തോമസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ സീറ്റ് നല്‍കിയത് സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു. പാര്‍ട്ടിക്കു പറ്റിയ വലിയ തെറ്റിനുള്ള പ്രായശ്ചിത്തമായിരുന്നു അത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന വി.എസിന്റെ വാക്കുകള്‍ ഇടതുപക്ഷവും വേണ്ടത്ര ഉള്‍ക്കൊണ്ടില്ല. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനു ശേഷമാണ് വനാതിര്‍ത്തിയില്‍ നിന്നും ക്വാറികള്‍ക്ക് 100 മീറ്റര്‍ അകലം വേണമെന്ന നിയമം 50 മീറ്ററാക്കി സര്‍ക്കാര്‍ കുറച്ചിരുന്നത്. വലിയ പിഴവായിരുന്നു ഇത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി നൂറുകണക്കിന് ക്വാറികളാണിപ്പോള്‍ വനാതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്നത്.

മഹാപ്രളയത്തില്‍ നിന്നും പാഠം പഠിക്കാത്തതാണ് കേരളത്തില്‍ ഇത്തവണയും പ്രളയദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രളയത്തിനു ശേഷം നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നും ദുരന്തമേഖലകളിലെ നിര്‍മ്മാണം നിയന്ത്രിക്കുമെന്നുമെല്ലാം പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതൊന്നും ഇതുവരെ നടപ്പായിട്ടില്ല.

സംസ്ഥാനത്ത് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിരവധി ക്വാറികളാണ് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ദുരന്തനിവാരണ നിയമം പോലും പരിഗണിക്കാതെയാണ് ഈ പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചു തുടങ്ങിയിട്ടുമുണ്ട്. കേരളമാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന തിരിച്ചറിവാണ് ഇവരുടെ മനംമാറ്റത്തിന് പ്രധാന കാരണം.

‘പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയതായും ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നുമാണ്’ ഗാഡ്ഗില്‍ തന്നെ തുറന്നടിച്ചിരിക്കുന്നത്. വലിയ ക്വാറികള്‍ക്കു പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഉരുള്‍പൊട്ടലില്‍ കനത്ത ആള്‍നാശമുണ്ടായ നിലമ്പൂര്‍ കവളപ്പാറയും വയനാട് മേപ്പാടി പുത്തുമലയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ഭാഗങ്ങളിലാണ് ഇത്തവണ കനത്ത നാശങ്ങളുണ്ടായിരിക്കുന്നത്.

തെക്കന്‍ ഗുജറാത്തിലെ താപ്തി മുതല്‍ കന്യാകുമാരി വരെ 1,600 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് പശ്ചിമഘട്ട മലനിരകള്‍. കേരളത്തില്‍ പശ്ചിമഘട്ടത്തെ ഒമ്പത് ഭൂവിഭാഗങ്ങളായാണ് വേര്‍തിരിച്ചിരിക്കുന്നത്. കവളപ്പാറ പുത്തുമല എന്നിവ പരിസ്ഥിതി ലോല മേഖലകളില്‍ സോണ്‍ ഒന്നിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഖനനം ഉള്‍പ്പെടെയുള്ളവക്ക് പുതുതായി ലൈസന്‍സ് നല്‍കരുതെന്നായിരുന്നു നിര്‍ദ്ദേശം. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് 2016 മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതോടെ നിലവില്‍ പ്രവര്‍ത്തിക്കുന്നതും പുതിയതുമടക്കം നിരവധി ക്വാറികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ പ്രളയവും മലയാളികള്‍ക്ക് പകര്‍ന്നു നല്‍കുന്ന പാഠം പാറമട ലോബിക്കും കൈയ്യേറ്റക്കാര്‍ക്കും ഭൂമാഫിയക്കുമൊപ്പം നില്‍ക്കുന്ന ഇടുക്കി, താമരശേരി ബിഷപ്പുമാരല്ല വി.എസും സുധീരനും പി.ടി തോമസുമാണ് ശരിയെന്ന തിരിച്ചറിവാണ്.

പാറയും മണ്ണും തുരന്ന് കോടികള്‍ കൊയ്യുന്നവര്‍ക്കുവേണ്ടി നിരപരാധികളായ ജനങ്ങളെ ആരും മരണത്തിലേക്കെറിഞ്ഞു കൊടുക്കരുത് മണ്ണിനടിയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാന്തിയെടുക്കാന്‍ മാത്രമായുള്ള സംവിധാനമായി ഒരു ഭരണകൂടവും മാറുകയുമരുത്. ഈ പ്രളയമെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചറിവിനും തിരുത്താനുമുള്ള വിവേകം നല്‍കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ ജനസേവനം.

Political Reporter

Top