ഏറ്റവും മികച്ച കാത്തലിക് ടിവി ചാനലിനുള്ള ‘ഗബ്രിയേല്‍ അവാര്‍ഡ്’ സ്വന്തമാക്കി ‘ശാലോം വേള്‍ഡ്‌’

ഷിക്കാഗോ: ഏറ്റവും മികച്ച കാത്തലിക് ടിവി ചാനലിനുള്ള ‘ഗബ്രിയേല്‍ അവാര്‍ഡ്’. മാധ്യമാധിഷ്ഠിത ലോകസുവിശേഷവത്ക്കരണത്തില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്ന ‘ശാലോം വേള്‍ഡിന്’.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ മികവുകള്‍ക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷന്‍ ഓഫ് യുഎസ്എ ആന്‍ഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ ഗബ്രിയേല്‍ അവാര്‍ഡ്’.

ഇഡബ്ല്യുടിഎന്‍, ദ കാത്തലിക് ടി.വി നെറ്റ്‌വര്‍ക്ക്, സാള്‍ട്ട് ആന്‍ഡ് ലൈറ്റ് ടി.വി എന്നിവ ഉള്‍പ്പെടെയുള്ള മുന്നിര ചാനലുകളില്‍ നിന്നാണ് ‘ടി.വി സ്റ്റേഷന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡിന് ശാലോം വേള്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യുടി എന്നിനാണ്.
ഇതോടൊപ്പം, ശാലോം വേള്‍ഡ് സംപ്രേഷണം ചെയ്യുന്ന ‘ജേര്‍ണല്‍’ സീരീസിലെ ‘മാര്‍ട്ടയേഴ്‌സ് ഷ്രൈന്‍’ എപ്പിസോഡും ഗബ്രിയേല്‍ അവാര്‍ഡിന് അര്‍ഹമായി. കൂടാതെ, മികച്ച ടെലിവിഷന്‍ ചാനല്‍ വെബ് സൈറ്റ് വിഭാഗത്തില്‍ ശാലോം വേള്‍ഡ് വെബ് സൈറ്റും, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തില് ‘ലിറ്റില് ഡഗ്ലിംങ്‌സും’ പ്രത്യേക പരാമര്‍ശം നേടി.

കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ല്‍ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷന്‍’, സഭയുടെ വളര്ച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഏര്‍ പ്പെടുത്തിയിരിക്കുന്ന നിരവധി അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേല്‍ അവാര്‍ഡ്’. ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Top