സ്വാശ്രയ കോളേജുകളിലെ പ്രിന്‍സിപ്പിള്‍മാരുടെ വിരമിക്കല്‍ പ്രായം 62 തന്നെ

college

കോയമ്പത്തൂര്‍: സ്വാശ്രയ കോളേജുകളിലെ പ്രിന്‍സിപ്പിള്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആണെന്ന് ഉറപ്പിച്ച് തമിഴ്‌നാട് ഗവണ്‍മെന്റ്. ഇതു സംബന്ധിച്ച് എല്ലാ കോളേജുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയതായും ഭാരതീയാര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ബി വനിത പറഞ്ഞു. 2017 ല്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രിന്‍സിപ്പിള്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തിയിരുന്നു. ഈ പ്രായപരിധിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് മാറ്റിയിരിക്കുന്നത്.

സര്‍ക്കാര്‍ നിയമ പ്രകാരം 62 വയസാണ് സ്വാശ്രയ കോളേജുകളിലെ പ്രിന്‍സിപ്പിള്‍മാരുടെ വിരമിക്കല്‍ പ്രായം. എന്നാല്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ചില കോളേജുകളുടെ ആവശ്യപ്രകാരം വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതിനായി ഉന്നത വിദ്യഭ്യാസ വകുപ്പുമായി തങ്ങള്‍ ബന്ധപ്പെടുകയായിരുന്നുവെന്ന് വനിത അറിയിച്ചു.

‘ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിന്‍സിപ്പിള്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന ആവശ്യവുമായി തങ്ങള്‍ വിദ്യഭ്യാസ വകുപ്പിനെ ബന്ധപ്പെട്ടിരുന്നു കാരണം തങ്ങള്‍ക്ക് അക്കാലത്ത് ആവശ്യത്തിന് പ്രിന്‍സിപ്പിള്‍മാരുണ്ടായിരുന്നില്ല എന്നതു തന്നെ. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി’ സ്വാശ്രയ കോളേജ് പ്രതിനിധി ഖലീല്‍ പറഞ്ഞു.

തീരുമാനത്തെ അക്കാദമിക് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷനും സ്വാഗതം ചെയ്തു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Top