പ്രധാനമന്ത്രി നാളെ ജർമ്മനിയിലേക്ക്; സന്ദർശനം ഉച്ചകോടിയുടെ ഭാഗമായി

ഡൽഹി: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നാളെ ജർമ്മനിയിൽ എത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിച്ചേക്കും. ചില നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യു.എ.ഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു .ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയിൽ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Top