ചൈനക്ക് കടിഞ്ഞാണിടാന്‍ വിവിധ പദ്ധതികളുമായി ജി7 രാഷ്ട്രങ്ങള്‍

കോണ്‍വാള്‍: ചൈനയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിടാന്‍ ആഗോളതലത്തില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജി7 രാഷ്ട്രങ്ങള്‍. ചൈന വികസ്വര രാഷ്ട്രങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ തയ്യാറാക്കിയ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ അടിസ്ഥാന സൗകര്യവികസനപദ്ധതിയാണ് ജി7 അവതരിപ്പിക്കുക.

ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ദരിദ്ര രാജ്യങ്ങളില്‍ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് സ്വീകരിക്കുക. ലോകത്തിലെ ശക്തവും സമ്പന്നവുമായ ജനാധിപത്യരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 രാഷ്ട്രങ്ങളുടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു ഈ പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.

ചൈന 2013ല്‍ ആരംഭിച്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് സിന്‍ ജിന്‍പിംഗാണ് ആരംഭിച്ചത്. കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയില്‍ പെടുത്തുന്ന പദ്ധതിയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങള്‍ ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. ചൈനയുടെ ഈ നയത്തിന് മറുപടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജി7 ഉച്ചകോടിയില്‍ പുതിയ പദ്ധതി മുന്നോട്ടുവെച്ചത്.

വികസ്വര രാഷ്ട്രങ്ങള്‍ക്കായി 40 ട്രില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനായി കൂടുതല്‍ പണം ചെലവാക്കും. പരിസ്ഥിതി, കാലാവസ്ഥ, തൊഴില്‍, സുതാര്യത, അഴിമതിയില്ലായ്മ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും ധനസഹായം നല്‍കുക. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മൂന്നാം ദിവസമായ ഞായറാഴ്ച ഉണ്ടായേക്കും.

 

Top