ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ഗുണകരമായ ചർച്ചകളുണ്ടാകും: നരേന്ദ്ര മോദി

ഡൽഹി : ഇന്ത്യക്ക് ഗുണകരമായ ചർച്ചകൾ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുൻപുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതീക്ഷ പങ്കുവെച്ചത്.

നാളെയാണ് ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിക്കുന്നത്. സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 3 സെഷനുകളിൽ പങ്കെടുക്കും. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും. സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.

റഷ്യ – യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. ഡിസംബറിൽ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

Top