19 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും

അര്‍ജന്റീന : 19 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. അര്‍ജന്റീനയിലെ ബേനസ് എയ്‌റിസില്‍ നടക്കുന്ന ഉച്ചകോടി നാളെയാണ് സമാപിക്കുക.

ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് രണ്ട് ദിവസം നീളുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ആഗോള താപനമടക്കുള്ള വിവിധ വിഷയങ്ങളും ഉച്ചകോടിയുടെ പരിഗണനക്ക് വരും.

യു.എസ്-മെക്‌സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് – ട്രംപ് കൂടിക്കാഴ്ചയും ലോകം ഉറ്റു നോക്കുന്ന ഒന്നാണ്. അതോടൊപ്പം ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ട്രംപ്- ഷീങ്പിങ്- മോദി ത്രിരാഷ്ട്ര ചര്‍ച്ചക്കും അര്‍ജന്റീന വേദിയാകുന്നുണ്ട്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയും ഏറെ പ്രധാനമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപുമായും പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബേനസ് എയ്‌റിസ് നഗരം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ നിന്നും തദ്ദേശവാസികളെ നേരത്തെ തന്നെ മാറ്റിതാമസിപ്പിച്ചിരുന്നു.

Top