ആരോഗ്യപ്രശ്‌നങ്ങള്‍: പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കി. സുധാകരന്റെ ആവശ്യം അംഗീകരിച്ച പാര്‍ട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉള്‍പ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരന്‍ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കിയിരുന്നു.

അതേസമയം, ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേര്‍ നാളെ മുതല്‍ സമ്മേളനത്തിയായി എത്തി തുടങ്ങും. അഞ്ചാം തീയതി കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ വച്ച് പതാകജാഥക്കും കരിവള്ളൂരില്‍ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നല്‍കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും.

Top