G. Sudhakaran’s statement about Kerala highways

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതകള്‍ രണ്ടു വര്‍ഷത്തിനകം ഗതാഗതയോഗ്യമാക്കുമെന്നു കേന്ദ്രം ഉറപ്പു നല്‍കിയതായി പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍.

ദേശീയപാതാ വികസനം നടപ്പാക്കണം എന്നുറച്ചു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി സഭയെ അറിയിച്ചു.

സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കും. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കും. പ്രാദേശികമായ വിഷയങ്ങള്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നതിനു തടസ്സമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ പൊട്ടിപ്പൊളിയുന്നതായി കുമ്പഴതിരുവല്ല റോഡിനെ ഉദാഹരിച്ചു വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.

റോഡ് നിര്‍മാണത്തിലെ അപാകങ്ങളും കാലഹരണപ്പെട്ട രീതികളും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ 1100 എന്‍ജിനീയര്‍മാരുണ്ട്.

ഇവരെല്ലാം മിടുക്കരാണ്. ഇവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണു വകുപ്പു ചെയ്യേണ്ടത്. ഇത്രയധികം മിടുക്കരുള്ള സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണവും രൂപകല്‍പനയും പുറം ജോലി കൊടുക്കേണ്ട കാര്യമില്ല.

എന്‍ജിനീയര്‍മാരുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Top