ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യൂഡിയെന്ന് മന്ത്രി ജി.സുധാകരന്‍

G sudhakaran

ആലപ്പുഴ: ഹൈക്കോടതി വിമര്‍ശനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ വിമര്‍ശനം. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണെന്നും ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യൂഡി. കൊച്ചി സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി ഉള്ളതിനാലാണെന്നും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ റോഡുകള്‍ ശോചനീയാവസ്ഥയില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഒരാളുടെ മരണത്തിന് ഇടയാക്കിയ കൊച്ചി കാക്കനാട് റോഡിന്റെ വിഷയത്തില്‍ കേസെടുത്തുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസായ ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ പ്രാഥമിക വാദം കേട്ടു. 2019ല്‍ കൊച്ചി മെട്രോ ഏറ്റെടുക്കാനുള്ളതാണ് ഈ റോഡ്. അതുകൊണ്ടാണ് വലിയ തുക ചെലവഴിക്കാത്തത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അതുവരെ ജനങ്ങള്‍ ഈ ദുരിതം അനുഭവിക്കണോ എന്ന് ഹൈക്കോടതി തിരിച്ച് ചോദിച്ചു. ഒരാഴ്ചക്കകം റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ തല്‍ക്കാലത്തേക്ക് കേസില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു.

Top