പൂതന പരാമര്‍ശത്തില്‍ ജി.സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം : പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്. ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നത്, അതിനാല്‍ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

അരൂരിലെ യുഡി.എഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീര്‍പ്പ്. ഡിജിപിയില്‍ നിന്നും ജില്ലാ കലക്ടറില്‍ നിന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പൂതന പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.

ഇതിനു പുറമെ പ്രസംഗത്തിന്റെ വീഡിയോയും പരിശോധിച്ചിരുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Top