ഉപമുഖ്യമന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ജി. പരമേശ്വര

ബെംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചെങ്കിലും കര്‍ണാടക കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് അവസാനമായില്ലെന്ന് സൂചന. ഒരു ഉപമുഖ്യമന്ത്രിസ്ഥാനം ദളിത് സമുദായാംഗത്തിന് നല്‍കാതിരുന്നാല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് ജി. പരമേശ്വര രംഗത്തെത്തി. 71-കാരനായ പരമേശ്വര, ദളിത് സമുദായത്തില്‍നിന്നുള്ള നേതാവാണ്.

ഹൈക്കമാന്‍ഡ് ഡി.കെ. ശിവകുമാറിനെ മാത്രം ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരമേശ്വരയുടെ പരാമര്‍ശമെന്നും ശ്രദ്ധേയമാണ്. 2018-ലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര. കര്‍ണാടക പി.സി.സി. അധ്യക്ഷനായി ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച നേതാവും ഇദ്ദേഹമാണ്.

താന്‍ ഒരാള്‍ മാത്രമേ ഉപമുഖ്യമന്ത്രിയാകാവൂ എന്ന നിബന്ധന ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മുന്‍പാകെ വെച്ചെന്ന വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിനും പരമേശ്വര മറുപടി പറഞ്ഞു. ശിവകുമാര്‍ പറഞ്ഞ കാര്യം ഒരുപക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായിരിക്കും. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ കാഴ്ചപ്പാട് അതില്‍നിന്ന് വ്യത്യാസപ്പെടണമായിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എടുക്കണം, പരമേശ്വര പറഞ്ഞു. ദളിത് സമുദായാംഗത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതിലൂടെ ആ സമുദായത്തോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദളിത് സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ടെന്ന് പരമേശ്വര പറഞ്ഞു.

ഈ പ്രതീക്ഷകള്‍ മനസ്സിലാക്കി, നേതൃത്വം തീരുമാനം കൈക്കൊള്ളണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സ്വാഭാവികമായും പ്രത്യാഘാതങ്ങളുണ്ടാകും. അത് ഞാന്‍ പറയേണ്ട കാര്യമില്ല. ഇക്കാര്യം പിന്നീട് മനസ്സിലാക്കുന്നതിനേക്കാള്‍ ഇപ്പോള്‍ അവര്‍ അത് പരിഹരിക്കുന്നതാകും കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കും. ഇക്കാര്യം മനസ്സിലാക്കണമെന്ന് അവരോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നതായും പരമേശ്വര കൂട്ടിച്ചേര്‍ത്തു.

Top