ഗൃഹോപകരണ വിപണി പിടിച്ചെടുക്കാന്‍ സപ്ലൈകോയും

കൊച്ചി: ഡിജിറ്റല്‍ ഷോറൂമുകള്‍ ഒരുക്കി ഗൃഹോപകരണ വിപണി പിടിച്ചിരിക്കുന്ന കേരളത്തിലെ വന്‍കിട ഗ്രൂപ്പുകളോട് മത്സരിക്കാന്‍ ഓണത്തിന് സപ്ലൈകോ എത്തുന്നു. ഓണത്തോടനുബന്ധിച്ച് 133 ഔട്ട്ലെറ്റുകളില്‍ വിപണനം തുടങ്ങുന്നതിനു പുറമേയാണ് 14 ജില്ലാ ഫെയറുകളില്‍ ഗൃഹോപകരണ ഉല്‍പന്നങ്ങളുടെ വില്‍പ്പന നടത്താന്‍ സപ്ലൈകോ തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്ന ജില്ലാ ഫെയറുകള്‍ക്കു പുറമേ ഗൃഹോപകരണ വിപണനത്തിനു സൗകര്യമുള്ള താലൂക്ക് ഫെയറുകളിലും ഗൃഹോപകരണ വിപണനത്തിന് പദ്ധതിയുണ്ട്. ഇതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. പുതുതായി ആരംഭിച്ച ഈ വിഭാഗത്തില്‍ നാലു മാസംകൊണ്ട് (ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം) ഒരു കോടി വില്‍പന കവിഞ്ഞു.

ഇതിലൂടെ സപ്ലൈകോയ്ക്കുണ്ടായ ലാഭമാകട്ടെ പത്ത് ലക്ഷത്തോളം രൂപയാണ്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 10 ഔട്ട്ലെറ്റുകളില്‍ കഴിഞ്ഞ ഫെബ്രുവരി 26ന് ആരംഭിച്ച ഗൃഹോപകരണ വിപണനം കുതിക്കുകയാണ്. തുടക്കത്തില്‍ മൂന്നു കമ്പനികളുടെ ഗൃഹോപകരണങ്ങളാണു ലഭിച്ചിരുന്നതെങ്കില്‍ നിലവില്‍ പത്തോളം കമ്പനികള്‍ സപ്ലൈകോയുമായി കൈകോര്‍ത്തിട്ടുണ്ട്.

Top