വികാര നിര്‍ഭരമായ നിമിഷം; ഇനി നിതിനില്ല, ആതിര അവസാനമായി ഒരു നോക്ക് കണ്ടു

കോഴിക്കോട്: ദുബായിൽ മരിച്ച പ്രവാസി നിതിൻ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. ഇന്ന് രാവിലെ പത്തേമുക്കാലോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് നിതിന്റെ മൃതദേഹം ആദ്യം എത്തിച്ചത്.

വീൽചെയറിലിരുന്നാണ് തന്റെ പ്രിയതമനെ ആതിര അവസാനമായി ഒരു നോക്ക് കണ്ടത്. ഏതാനും മിനിറ്റുകൾക്കകം ആതിരയെ തിരികെ ആശുപത്രി വാർഡിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ആതിരയെ മരണ വിവരം അറിയിച്ചത്.

മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഉച്ചയ്ക്ക് 1 മണിയോടെ പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ 8 മണിക്കാണ് കൊച്ചിയിൽനിന്ന് നിതിന്റെ മൃതദേഹവും വഹിച്ച് ആംബുലൻസ് പുറപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേർപാടറിയാതെ ആതിര ഇന്നലെ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിരയും ഭർത്താവ് നിതിൻ ചന്ദ്രനും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കോഴിക്കോട്ടേക്ക് ആദ്യ വിമാനം പുറപ്പെട്ടത്. ഇത്‌ വലിയ വാർത്തയായിരുന്നു. അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭർത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷേ, നിതിന്റെ നല്ല മനസ് തന്നേക്കാൾ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്കായി ആ ടിക്കറ്റ് നൽകി.

പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിൻ ആതിരയ്ക്ക് നൽകിയ വാക്ക്. എന്നാൽ അതിരയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാവാതെ തന്റെ പൊന്നാമനയെ ഒരു നോക്ക് കാണാനാവാതെ നിതിന് ഈ ലോകത്തുനിന്നും വിടപറയുകായിയരുന്നു.

ദുബായിൽ സ്വകാര്യകമ്പനിയിൽ എഞ്ചിനീയറായിരുന്ന നിതിൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തനായിരുന്നു. കോവിഡ് പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് നിതിന്റെ അപ്രതീക്ഷത മരണം.

Top