മരണാനന്തര നടപടികള്‍ക്ക് പുതിയ നിയമം; അംഗീകാരം നല്‍കി യുഎഇ

യുഎഇ: മൃതദേഹ സംസ്‌കാര നടപടികള്‍ സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അംഗീകാരം നല്‍കി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്‌കരിക്കുക തുടങ്ങിയ മരണാനന്തര കര്‍മങ്ങളുടെ കാര്യങ്ങളെല്ലാം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പുതിയ നിയമത്തിലുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കും എന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ശ്മശാനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപികരിക്കും. രോഗങ്ങള്‍ മൂലം മരിക്കുന്നവരെയും സംസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തും. കൂടാതെ നവജാത ശിശുക്കളുടെയും യുവാക്കളുടെയും മൃതദേഹം സംസ്‌കരിക്കുന്നത് പ്രത്യേക സ്ഥലത്തേക്ക് മാറ്റും. രോഗം മൂലമോ വാഹനാപകടത്തിലോ അവയവങ്ങള്‍ നീക്കം ചെയ്താല്‍ അത് സംസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തും.

ശ്മശാന സന്ദര്‍ശനത്തിനും പുതിയ നിബന്ധനകള്‍ യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പാസാക്കിയിട്ടുണ്ട്. വനിതകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു പ്രത്യേക സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങളടങ്ങിയ ഡിജറ്റല്‍ ഡേറ്റാബേസില്‍ സംസ്‌കാരം സംബന്ധിച്ച പുതിയ നിബന്ധനകള്‍ ഉണ്ടാകും. മൃതദേഹം വിദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവ് വ്യക്തികള്‍ വഹിക്കണമെന്നും നിര്‍ദേശമുണ്ട്.

നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ ആറിയിച്ചു. 10,000 മുതല്‍ 50,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ. സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചാല്‍ ഒരു വര്‍ഷം തടവും 10,000-20,000 ദിര്‍ഹം പിഴയും ചുമത്തും. അനുമതിയില്ലാതെ രാജ്യത്തേക്കോ പുറത്തേയ്‌ക്കോ മൃതദേഹം എത്തിച്ചാല്‍ അര ലക്ഷം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെപിഴ. മൃതദേഹം സംസ്‌കരിച്ച സ്ഥലം നശിപ്പിച്ചാല്‍ ഒരു ലക്ഷം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ നല്‍ക്കേണ്ടിവരും.

 

Top