funds for paper trail machines

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍.

പുതിയ വോട്ടിങ് യന്ത്രം (വിവിപിഎടി) വാങ്ങുന്നതിനുള്ള തുക നല്‍കാന്‍ വൈകുന്നതായാണ് റിപ്പോര്‍ട്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അതിനാല്‍ പഴയരീതിയില്‍ ബാലറ്റ് വോട്ടെടുപ്പിലേയ്ക്ക് മടങ്ങണമെന്നുമുള്ള ആവശ്യം പല രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആരോപണം നിഷേധിച്ചിരുന്നെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ വോട്ടിങ് യന്ത്രം വാങ്ങുന്നതിന് 1,940 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ തരം മെഷീന്‍ വാങ്ങുന്നതിന് 3,174 രൂപ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പുതിയ യന്ത്രങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇതനുസരിച്ച് ഘട്ടംഘട്ടമായി തുക ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതിനിടയിലാണ് 2019ലെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപിഎടി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. അതോടെ ഇതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ ഒരുമിച്ച് വാങ്ങേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ തുക അനുവദിച്ച് കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 700 കോടിയിലധികം രൂപ നിയമമന്ത്രാലയം പുതിയ വോട്ടിങ് യന്ത്രം വാങ്ങുന്നതിന് അനുവദിച്ചിരുന്നു. പഴക്കംചെന്ന യന്ത്രങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്നതിന് 1,009 കോടി രൂപയ്ക്കുള്ള ആവശ്യം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.

Top