യുഎസില്‍ ഭരണ പ്രതിസന്ധി ഒഴിവായി; ഫണ്ടിങ് ബില്‍ പാസായി

വാഷിങ്ടന്‍: യുഎസില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു പ്രതിസന്ധിയിലായിരുന്ന ഫണ്ടിങ് ബില്‍ പാസായി. ശനി രാത്രി 12നകം ബില്‍ പാസായില്ലെങ്കില്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമായിരുന്ന സ്ഥിതിയില്‍ അന്ന് ഉച്ചകഴിഞ്ഞാണ് ജനപ്രതിനിധിസഭ ബില്‍ പാസാക്കിയത്. ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവിനു പണം അനുവദിക്കുന്നതിനുള്ള ബില്‍ പാസായതോടെ 40 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധി ഒഴിവായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി സ്വന്തം പാര്‍ട്ടിക്കാരുടെ കടുത്ത എതിര്‍പ്പു മറികടന്ന് ഡെമോക്രാറ്റുകളുടെ സഹായത്തോടെയാണ് ബില്‍ പാസാക്കിയത് (335-91). ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ അനുകൂലമായി 88 പേരും എതിര്‍ത്ത് 9 പേരും വോട്ടു ചെയ്തു.

യുക്രെയ്‌നിനുള്ള സഹായം കുറച്ചും ദുരന്തങ്ങളില്‍ പെടുന്നവര്‍ക്കുള്ള സഹായം 1600 കോടി ഡോളര്‍ വര്‍ധിപ്പിച്ചുമാണ് ബില്‍ പാസാക്കിയത്. നവംബര്‍ 17 വരെ ചെലവിനുള്ള പണമാണ് അനുവദിച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്ന ഘട്ടം വന്നപ്പോള്‍ സ്പീക്കര്‍ മക്കാര്‍ത്തി സ്വന്തം പാര്‍ട്ടിക്കാരുടെ കടുത്ത ആവശ്യങ്ങള്‍ തള്ളിയതോടെയാണു ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനു പരിഹാരമായത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഈയിടെ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇരുകക്ഷികളിലെയും പ്രമുഖര്‍ സഹായ വാഗ്ദാനം നടത്തിയിരുന്നു. നിര്‍ണായകഘട്ടത്തില്‍ യുക്രെയ്‌നിനെ കൈവിടാന്‍ യുഎസിനു കഴിയില്ലെന്നും സഹായം തുടരുന്നതിനുള്ള വഴികള്‍ തേടുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Top