‘ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍’; പ്രേമലുവിനെ അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍

ലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിനിമയെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചത്. ‘ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍’ എന്നാണ് പ്രേമലുവിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ കുറിച്ചത്. സംവിധായകന്‍ ഗിരീഷ് എ ഡി, സഹതിരക്കഥാകൃത്ത് കിരണ്‍ ജോസി, അഭിനേതാക്കളായ മമിതാ ബൈജു. നസ്‌ലിന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, സിനിമയുടെ നിര്‍മ്മാതാക്കളായ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍, സംഗീത സംവിധായകന്‍ വിഷ്ണു വിജയ് എന്നിവരെയും അദ്ദേഹം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബു പ്രേമലുവിനെ പ്രശംസിച്ചിരുന്നു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ന്റ് മൂവീസ് ആണ്.

റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമയാണ് പ്രേമലു. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ഇതിന് മുന്‍പ് 100 കോടി ക്ലബില്‍ ഇടം നേടിയത്. മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു.

Top