ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണ്: ഡോവല്‍

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുന്നതായി തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാക്കിസ്ഥാന്റെ പെരുമാറ്റം ഏതു വിധത്തിലാണെന്നതിന് അനുസരിച്ചായിരിക്കും ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യംവന്നിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്’ അദ്ദേഹം പറഞ്ഞു.

‘പാക്കിസ്ഥാന്റെ പെരുമാറ്റം ഏതു വിധത്തലാണെന്നതിനെ ആശ്രയിച്ചായിരിക്കും ജമ്മു കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടക്കമുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുക. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുകയും, പാക്കിസ്ഥാന്റെ മൊബൈല്‍ ടവറുകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് നിര്‍ത്തുകയും ചെയ്യണം. അങ്ങനെയാണെങ്കില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവും’,അജിത് ഡോവല്‍ വ്യക്തമാക്കി.

Top