അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നെടുമ്പാശേരിയിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ ഇന്നലെ ഉച്ചയ്ക്ക് നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ 2 വർഷത്തിൽ ഒരിക്കലാണ് വിമാനാപകടത്തിനു സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് ഇത്തരം സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. സിയാലിന്റെ മേൽനോട്ടത്തിൽ, വിമാനക്കമ്പനികൾ, ജില്ലാ ദുരന്ത നിവാരണ സേന, നാവികസേന, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, കോസ്റ്റ്ഗാർഡ്, ജില്ലയിലെ വിവിധ ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക് ഡ്രില്ലിൽ പങ്കെടുത്തു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുറപ്പെടാൻ തയാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചു എന്നതായിരുന്നു ഇന്നലത്തെ ‘അപകടം’.

130 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുമ്പ്, ഉച്ചയ്ക്ക് 2:30 ന്, എൻജിനിൽ ‘തീപിടിത്തമുണ്ടായതായി’ ക്യാപ്റ്റൻ എടിസിയെ അറിയിച്ചു. വിമാനത്തിൽ പുക പടർന്നു. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. ഓപ്പറേഷൻസ് ഇൻചാർജ് ഏബ്രഹാം ജോസഫിന്റെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കുള്ളിൽ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവരുടെ ഹെലികോപ്റ്ററുകൾ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കു ചേരുകയും ചെയ്തു. ‘അപകടത്തിൽ’ പരുക്കേറ്റവരെയും കൊണ്ട് വിവിധ ആശുപത്രികളിൽ നിന്നെത്തിയ 22 ആംബുലൻസുകൾ കുതിച്ചു. സിഐഎസ്എഫ് ഡപ്യുട്ടി കമൻഡാന്റ് എം.ജെ.പ്രേമിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് അത്യാഹിത പ്രദേശത്തെ സുരക്ഷാ ചുമതല ഏറ്റെടുത്തു.

കമാൻഡ് പോസ്റ്റിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ, ക്രൂ റിസപ്ഷൻ സെന്റർ, ഫ്രണ്ട്‌സ് ആൻഡ് റിലേറ്റിവ്സ് റിസപ്ഷൻ സെന്റർ, റിയൂണിയൻ ഏരിയ എന്നിവയുടെ പ്രവർത്തനങ്ങൾക്കൊപ്പം മതപരമായ കൗൺസലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മിനിറ്റുകൾക്കകം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സേനയാണ് വിമാനത്താവളത്തിനു പുറത്തെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തുകയും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തുകയും പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Top