സിനിമാ പ്രേമികളില്‍ ആകാംഷ നിറച്ച് ‘ലൂസിഫറി’ന്റെ ട്രെയ്ലറും ‘മധുരരാജ’യുടെ ടീസറും

ണ്ട് സൂപ്പര്‍താര പ്രോജക്ടുകളുടെ ട്രെയ്ലറും ടീസറും ഒരുമിച്ചെത്തിയ ദിവസമായിരുന്നു ബുധനാഴ്ച. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്റെ ട്രെയ്ലറും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ടീസറും ഒരേ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇരു ചിത്രങ്ങളുടെയും പ്രചരണ വീഡിയോകള്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി മുന്‍കൂട്ടി ആരാധകരെ അറിയിച്ച്, യുട്യൂബ് വഴി പ്രീമിയര്‍ ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ മധുരരാജയുടെ ടീസര്‍ ആയിരുന്നു പ്രേക്ഷകരിലേക്ക് ആദ്യം എത്തിയത്. ശേഷം രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്റെ ട്രെയ്ലര്‍. മൂന്ന് മണിക്കൂര്‍ മുമ്പ് എത്തിയതിനാല്‍ മധുരരാജയുടെ ടീസറിനായിരുന്നു യൂട്യൂബില്‍ കാഴ്ച്ചക്കാര്‍ ഏറെ ഉണ്ടായിരുന്നത്. എന്നാല്‍ കണക്കുകളെ മറികടന്ന് ലൂസിഫര്‍ മുന്നിലെത്തി. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. നിലവില്‍ 13.6 ലക്ഷത്തിലധികം കാഴ്ചകളാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്ലറിന് ലഭിച്ചിരിക്കുന്നതാവട്ടെ 23.5 ലക്ഷത്തിലേറെ കാഴ്ചകളും.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമായാണ് പറയപ്പെടുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ ‘ പോക്കിരി രാജ ‘യുടെ തുടര്‍ച്ചയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്.

Top