ജൂലൈ അഞ്ച് മുതല്‍ ബംഗളൂരുവില്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കര്‍ണാടക: ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഞായറാഴ്ച്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരിക.

കോവിഡ് 19 വ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനം.

തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ എട്ട് മണി മുതല്‍ ആരംഭിക്കും. നേരത്തേയിത് ഒമ്പത് മുതലായിരുന്നു. അതേസമയം, പുലര്‍ച്ചെ അഞ്ചിന് തന്നെയാണ് കര്‍ഫ്യൂ അവസാനിക്കുക.

പലചരക്ക് കടകളില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ മൊത്തക്കച്ചവട പച്ചക്കറി മാര്‍ക്കറ്റുകള്‍ സംവിധാനിക്കും. സംസ്ഥാനത്ത് ഇന്ന് 918 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം കര്‍ണാടകയില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. ബംഗളൂരു മേഖലയില്‍ മാത്രം 596 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Top