സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെ ആസ്തി കണ്ടുകെട്ടുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ അംഗീകാരം

RUPEESE

ന്യൂഡല്‍ഹി: രാജ്യത്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്ത് കടക്കുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. തട്ടിപ്പ് നടത്തി രാജ്യംവിടുന്നവരെ തിരിച്ചെത്തിക്കുകയും നിയമ നടപടികള്‍ക്ക് വിധേയരാക്കുകയുമാണ് പ്രധാന ലക്ഷ്യം.

30,000 കോടിയോളം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും രാജ്യംവിട്ട സംഭവം കടുത്ത വിമര്‍ശത്തിന് വഴിവച്ചിരുന്നു. വിവിധ ബാങ്കുകള്‍ നല്‍കിയ കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാണ് നീക്കം.

തട്ടിപ്പുനടത്തി മുങ്ങിയശേഷം രാജ്യത്തേക്ക് മടങ്ങിവരാന്‍ തയ്യാറാകാത്തവരെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കും. ഇത്തരക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും ഇവരുടെ ആസ്ഥികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രത്യേക സമിതി രൂപവല്‍ക്കരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്തു.

നൂറ് കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടത്തിയവരുടെ കേസുകള്‍ മാത്രമാവും പ്രത്യേക കോടതി പരിഗണിക്കുക. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത്തരം തട്ടിപ്പുകള്‍ ബാധിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

Top