ഇന്ധന നികുതി കുറയ്ക്കൽ; പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമാതീതമായ നികുതി വർധന ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക നില അറിയാവുന്ന പ്രധാനമന്ത്രിയിൽ നിന്നുണ്ടാകാൻ പാടില്ലാത്ത വിമർശനമാന്ന് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളെ അകാരണമായി പഴിച്ച് വിഷയം ലഘൂകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി പ്രസ്താവന ഇങ്ങനെ:

കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച യോഗത്തിൽ കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് ആ സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പന നികുതി കുറക്കുന്നില്ല എന്ന് പ്രധാനമന്ത്രി പരാമർശിച്ചതായി കണ്ടു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഒരിക്കൽ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പനനികുതി വർദ്ധിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. 2014 മുതലുള്ള കാലയളവിൽ കേന്ദ്രസർക്കാർ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വർദ്ധിപ്പിച്ചപ്പോൾ 4 തവണ നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വർദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 ൽ പെട്രോളിന് മേലുള്ള ആകെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വർദ്ധിപ്പിക്കുകയും നിലവിൽ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയിൽ നിന്നും 31.83 രൂപയായി വർദ്ധിപ്പിക്കുകയും നിലവിൽ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

സർചാർജ്ജുകളും സെസ്സുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയർന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സർചാർജ്ജുകളും സെസ്സുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തിൽപ്പെടുന്നില്ല. ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന നികുതിവിഹിതത്തിൽപ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വർധിപ്പിക്കുന്നത്.

ജി.എസ്.ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങൾക്കു നൽകുന്നതിൽ കാലവിളംബം നടത്തുന്നതുവഴി കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമല്ല. 14 തവണ നികുതി വർദ്ധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോൾ നികുതി വർദ്ധനവ് ഒരിക്കൽപോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദർഭികമായി വിമർശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇതെന്നുകൂടി വ്യക്തമാക്കുന്നു.

പല കാരണങ്ങളാൽ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങൾക്കാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വർദ്ധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വർദ്ധന പിടിച്ചുനിർത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുൻനിർത്തി കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Top