ഇന്ധന നികുതി; യുഡിഎഫ് ആവശ്യം കേന്ദ്രത്തെ ന്യായീകരിക്കാനെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാളും ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റേത് സാധാരണക്കാരെ സഹായിക്കുന്ന സമീപനമല്ല. പെട്രോള്‍ ഡീസല്‍ വില ഏത് സമയവും നൂറ് കടക്കും. ഈ സാഹചര്യത്തില്‍ ജൂണ്‍ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും എല്‍ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേഗതയേറിയ ഭരണ നിര്‍വഹണമുണ്ടാകണം. ഇതിനെക്കുറിച്ച് പാര്‍ട്ടി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില കുറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഇനി അതേക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും പറഞ്ഞു. ‘അതിനോട് പ്രതികരിച്ചു. അത് അവിടെ അവസാനിച്ചു’ എന്നായിരുന്നു വിജയരാഘവന്റെ മറുപടി.

 

Top