കാറുകളില്‍ ഇനി ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കര്‍ നിർബന്ധമാക്കുന്നു

ഡല്‍ഹിയില്‍ കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നിർബന്ധമായി പതിപ്പിക്കണമെന്ന് അധികൃതര്‍. വിവിധ ഇന്ധനം വ്യക്തമാക്കുന്ന കളര്‍ കോഡുള്ള ഇന്ധന സ്റ്റിക്കറുകളാണ് വാഹനങ്ങളില്‍ പതിക്കേണ്ടത്. ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സി.എന്‍.ജി. ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇളം നീല സ്റ്റിക്കറുകളും ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്നവരില്‍നിന്ന് 5,500 രൂപയാണ് പിഴയായി ഈടാക്കുന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന സമയത്ത് ദൂരെനിന്ന് വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാനാണ് ഇത്.

2018 ഓഗസ്റ്റ് 13- ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തരം ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കുന്നില്ലായിരുന്നു.

പുതിയ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് മെച്ചപ്പെടുത്താന്‍ ഡീസല്‍ വാഹനങ്ങള്‍ റോഡുകളില്‍നിന്ന് നിരോധിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്റ്റിക്കറുകള്‍ സഹായപ്രദമാകുമെന്നാണ് പറയുന്നത്. ഡൽഹിയില്‍ 9,87,660 ഡീസല്‍ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ബിഎസ്-4 പ്രകാരമല്ലാത്ത സ്വകാര്യ കാറുകളുടെ എണ്ണം 4,16,103 ആണ്.

Top