ഇന്ധനക്ഷാമം; വരുന്ന മൂന്നാഴ്ച കടുപ്പമേറിയതെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ : ഇന്ധനത്തിന്റെ കാര്യത്തിൽ വരുന്ന മൂന്നാഴ്ച കടുപ്പമേറിയതായിരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു. 330 കോടി ഡോളർ ആണ് വരുന്ന 6 മാസത്തേക്ക് ഇന്ധനം വാങ്ങാൻ വേണ്ടത്. ഇന്ധനത്തിന് കൂപ്പൺ സമ്പ്രദായം കൊണ്ടുവരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യാത്രകൾ ഒഴിവാക്കിയും മറ്റും ജനങ്ങൾ സഹകരിക്കണമെന്നും മൂന്നാഴ്ച കഴിയുമ്പോൾ ഇന്ധനക്ഷാമം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനു വായ്പ ഉൾപ്പെടെയുള്ള സഹായം നൽകുന്നതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത് ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളുമായുണ്ടായിരുന്ന ശക്തമായ ബന്ധം പിന്നീടു തകർന്നു. അതു വീണ്ടും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു.

Top