ഇന്ധനക്ഷമം: ശ്രീലങ്കയില്‍ ഒരാഴ്ച സ്കൂളുകള്‍ അടച്ചു

രൂക്ഷമായി തുടരുന്ന ഇന്ധനക്ഷാമം മൂലം ശ്രീലങ്കയില്‍ ഇന്നു മുതല്‍ ഒരാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.

എല്ലാ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. അടുത്ത അവധിക്കാലത്ത് സ്കൂളുകള്‍ സിലബസ് കവര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 18നും ഒരാഴ്ചത്തേക്ക് സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

സ്കൂളുകളോട് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താന്‍ ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാല്‍ രണസിംഗ ആവശ്യപ്പെട്ടു. ഗതാഗത ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിക്കാത്ത സാഹചര്യത്തില്‍ ഡിവിഷനല്‍ തലത്തിലുള്ള സ്കൂളുകള്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളുമായി ക്ലാസുകള്‍ നടത്താന്‍ അനുവദിക്കുമെന്നും പറഞ്ഞു.

പ്രവൃത്തി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ അധ്യാപനം സുഗമമാക്കുന്നതിന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ പറഞ്ഞതായി അദ്ദേഹം അറിയിച്ചതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്കൂളുകളും മറ്റ് പ്രവിശ്യകളിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്കൂളുകളും നീണ്ട പവര്‍കട്ട് കാരണം അടുത്ത ആഴ്ച അടച്ചിടുമെന്ന് ശ്രീലങ്കന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Top