മൂന്നാം ആഴ്ചയിലും മാറ്റമില്ലാതെ ഇന്ധന വില

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് ഓയിലിന്റെ വിലയില്‍ നേരിയ ഇടിവുണ്ടായതും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ആണ് ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ നിന്ന് എണ്ണക്കമ്പനികളെ തടയുന്നത്. ദിവസങ്ങളോളം തുടര്‍ച്ചയായി വില വര്‍ധിച്ച ശേഷമാണ് ഇപ്പോള്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഫെബ്രുവരി 27ന് ആണ് രാജ്യത്ത് അവസാനമായി ഇന്ധന വില വര്‍ധിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുച്ചേരിയിലും കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും 27ന് വൈകിട്ട് ആണ്. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയും ആണ് വില. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്.

ഫെബ്രുവരിക്ക് ശേഷം 14 തവണകളായി പെട്രോളിന് 4.22 രൂപയും ഡീസലിന് 4.34 രൂപയും ആണ് വര്‍ധിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്നാണ് എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ നിഗമനം.

 

 

Top