ഇന്ധനവില വര്‍ദ്ധനവ്;ആഗോള ശ്രദ്ധ ആകര്‍ഷിച്ച ഫ്രാന്‍സിന്റെ പ്രതിഷേധങ്ങള്‍. .

ഫ്രാന്‍സിന്റെ തെരുവുകളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. ഇമ്മാനുവേല്‍ മക്രോണ്‍ വലിയ ഭരണ പ്രതിസന്ധികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ധന വിലയുടെ കാര്യത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

28 പോലീസുകാര്‍, ധ്രുത കര്‍മ്മ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 500ഓളം പേര്‍ക്കാണ് പ്രതിഷേധത്തില്‍ പരിക്കേറ്റത്. 2034 സ്ഥലങ്ങളിലായി രണ്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരം ആളുകളാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്. 3,500 ഓളം പേര്‍ രാത്രികളിലും സമരം സജീവമാക്കുന്നു. 282 പേരെ ചോദ്യം ചെയ്തതില്‍ 157 പേരെ കസ്റ്റഡിയിലെടുത്തു.

വാഹനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള പ്രതിഷേധങ്ങളാണ് പ്രധാനമായും നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനത്തിന് ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ 12 മാസം കൊണ്ട് ഡീസല്‍ വില 23 ശതമാനമായി ഫ്രാന്‍സില്‍ വര്‍ദ്ധിച്ചതാണ് രാജ്യത്തെ ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം കാരണം. 2000ത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് ഫ്രാന്‍സില്‍ ഉള്ളത്. ആഗോള വ്യാപാര രംഗത്ത് ഇന്ധനവിലയില്‍ മാറ്റം വന്നിട്ടുണ്ട് എന്നത് സത്യം തന്നെ, എന്നാല്‍ ഫ്രാന്‍സില്‍ മാക്രോണ്‍ സര്‍ക്കാര്‍ 7.6 ശതമാനമാണ് ഡീസലിന്റെ ഹൈഡ്രോ കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് ഇത് 3.9 ശതമാനമാണ്. പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഇനിയും ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

PROTEST

മാക്രോണിന് അനുകൂലമായി വോട്ട് ചെയ്ത ഭൂരിഭാഗം ആളുകളും ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നു. സോഷ്യല്‍ മീഡിയ വലിയ അളവില്‍ സര്‍ക്കാര്‍ നയങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അത് കൂടുതല്‍ പ്രതിഷേധക്കാരെ രംഗത്തിറക്കുന്നതിന് കാരണമാകുന്നതായാണ് വിലയിരുത്തല്‍.

ഗവേഷണ സ്ഥാപനമായ ഐ.എഫ്.ഒ.പി നടത്തിയ സര്‍വേയില്‍ മാക്രോണിന്റെ ജനസമ്മതി 25 ശതമാനമായി ഇടിഞ്ഞെന്ന് കണ്ടെത്തിയിരുന്നു. ഡു ഡിമാന്‍ഷേ ജേര്‍ണലിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഇന്ധന വില വര്‍ദ്ധനവില്‍ ആഗോളതലത്തില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമ്പോള്‍ ഇന്ത്യയ്ക്കും ഇന്ധനവില സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. രാജ്യം പ്രതിദിനം ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന മേഖല എണ്ണ ഇറക്കുമതിയാണ്. ക്രമാതീതമായി ഉയരുന്ന എണ്ണ വില പിടിച്ചു നിര്‍ത്താന്‍ ഇറക്കുമതി ചുരുങ്ങിയ കാലത്തേക്ക് കുറയ്ക്കുക എന്ന തീരുമാനം ആണ് കൈക്കൊണ്ടത്. എണ്ണ ഉപഭോഗം ഇതു വഴി കുറയുമെന്നാണ് കണക്കുകൂട്ടല്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും എന്ന് തീര്‍ച്ച.

ഫ്രാന്‍സിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ആഗോള തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധന വില ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കും കൃത്യമായ ഒരിടം ഉണ്ട്. കാരണം, ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. നികുതി വര്‍ദ്ധനവ് തന്നെയാണ് ഇവിടത്തെയും പ്രധാന പ്രതിസന്ധി. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ നികുതി 28 ശതമാനമായി കുറയ്ക്കാന്‍ സാധിക്കും. ഇതേ ആവശ്യം ഒളിഞ്ഞും തെളിഞ്ഞും പൊങ്ങി വന്നെങ്കിലും ഇപ്പോള്‍ ആരും മിണ്ടുന്നേയില്ല. കേന്ദ്ര സംസ്ഥാന നികുതിയിനത്തില്‍ 50 ശതമാനമാണ് ഇപ്പോള്‍ സാധാരണക്കാര്‍ നികുതി നല്‍കിക്കൊണ്ടിരിക്കുന്നത്.

PROTEST 1234

വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ കേവലമായ ഉപരോധങ്ങളോ മുദ്രാവാക്യങ്ങളോ അല്ലാതെ ശക്തമായ ഒരു പ്രതിഷേധം രേഖപ്പെടുത്താന്‍ പ്രതിപക്ഷത്തിന് പോലും സാധിക്കുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവ് ഇന്ന് പറഞ്ഞു മടുത്ത പഴങ്കഥയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും ഇത് വേണ്ട വിധം പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top