ഇന്ധന വില കുതിച്ചുയരുന്നു, ക്ഷാമവും രൂക്ഷം ! കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത് . .

ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്.

പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി.

ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വര്‍ധിച്ചത്.

ഇന്നലെ ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂടിയിരുന്നു. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നലെ കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തായി. 15 പൈസ ഇന്നലെ മാത്രം ഉയര്‍ന്നു.

അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്..

ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നും ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമായിരിക്കുകയാണ്. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. ദീര്‍ഘദൂര ബസുകള്‍ പലതും ഇന്ധനക്ഷാമം മൂലം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. ബസിലെ ജീവനക്കാരും യാത്രക്കാരും യാത്ര മുടങ്ങിയ അവസ്ഥയിലുമാണ്.

Top