യുഎസിൽ നിന്നുള്ള ചാന്ദ്രദൗത്യം പരാജയമായമാകാൻ സാധ്യത; ഇന്ധന ചോർച്ചയെന്ന് ആസ്ട്രബോട്ടിക്ക്

എസ്ആര്‍ഒയുടെ അഭിമാനകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിനു മാസങ്ങൾക്ക് ശേഷം യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യകമ്പനിയും ചന്ദ്രനിലേക്കൊരു സോഫ്റ്റ് ലാൻഡിങിനു തയാറെടുക്കുകയായിരുന്നു. യുഎസിൽ നിന്നും 50 വർഷത്തിനുശേഷം ചന്ദ്രനിലേക്കു നടത്തുന്ന ദൗത്യമായിരുന്നു ഇത്. എന്നാൽ ഇന്ധന ചോർച്ചയാൽ ഈ ദൗത്യം ലക്ഷ്യം കാണാനിടയില്ലെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു. ഏകദേശം 40 മണിക്കൂറിനുള്ളിൽ പ്രൊപ്പല്ലന്റ് തീരുമെന്നു കരുതുന്നതായി ചൊവ്വാഴ്ച രാത്രി കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു യുഎസിൽ നിന്ന് ചന്ദ്രനിലേക്ക് പോകുന്ന ലാൻഡർ ദൗത്യമായ ആസ്ട്രബോട്ടിക്കിന്റെ പെരഗ്രിൻ ലാൻഡർ ദൗത്യം യാത്ര തിരിച്ചത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് കമ്പനിയുടെ 200 അടി പൊക്കമുള്ള പുതിയ റോക്കറ്റായ വൾക്കനിലായിരുന്നു വിക്ഷേപണം.

ഫെബ്രുവരി 23ന് ആണ് ലാൻഡിങ് ലക്ഷ്യമിട്ടത്. ഇതു വിജയിച്ചിരുന്നെങ്കിൽ ചന്ദ്രനിൽ ലാൻഡിങ് നടത്തുന്ന ആദ്യ സ്വകാര്യ കമ്പനിയായി ആസ്ട്രബോട്ടിക് മാറിയേനെ. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ 4 രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയിട്ടുള്ളത്. ഇതിനു മുൻപ് യുഎസിൽ നിന്നൊരു ലാൻഡർ ചന്ദ്രനിലെത്തിയത് 1972 ൽ ആണ്.

നീണ്ടനാളുകളായി റോക്കറ്റ് വിക്ഷേപണത്തിൽ സ്വകാര്യസാന്നിധ്യം ശക്തമാണ്. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികൾ ശക്തമായി രംഗത്തുണ്ട്. ഇതിൽ സ്പേസ് എക്സ് തങ്ങളുടെവിപുലമായ വിക്ഷേപണ വാഹനശ്രേണി ഒരുക്കിയിരിക്കുന്നു. ഫാൽക്കൺ പോലെയുള്ള റോക്കറ്റുകൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഷട്ടിൽ സർവീസുകൾ പോലും തുടങ്ങിയിരുന്നു.

സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വെർജിൻ ഗലാക്റ്റിക്, ആക്സിയം സ്പേസ്, നോർത്രോപ് ഗ്രുമ്മൻ തുടങ്ങിയ വമ്പൻ സ്പേസ് കമ്പനികൾ ബഹിരാകാശനിലയങ്ങളുടെ കാര്യത്തിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. രാജ്യാന്തര നിലയത്തിന്റെ അന്ത്യം സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്കു വലിയ കുതിപ്പേകുമെന്ന വിലയിരുത്തലുമുണ്ട്.

ആക്സിയം സ്പേസ് കമ്പനിയുടെ ആക്സിയം സ്റ്റേഷൻ 2024ൽ പ്രവർത്തനം തുടങ്ങുമെന്നാണ് അഭ്യൂഹം. രാജ്യാന്തര നിലയത്തിന്റെ ഭാഗമായാകും ആദ്യം ഈ സ്റ്റേഷൻ വികസിപ്പിക്കുക. തുടർന്ന് 2027ൽ പൂർണരൂപം കൈവരിച്ച ശേഷം മാറും. പൂർണമായും വാണിജ്യാടിസ്ഥാനത്തിലാകും ഈ നിലയത്തിന്റെ പ്രവർത്തനം. 2027ൽ സജ്ജമാകുന്ന നാനോറാക്സ് കമ്പനിയുടെ സ്റ്റാർലാബ് സ്പേസ് സ്റ്റേഷനും ശ്രദ്ധേയമാണ്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ഓർബിറ്റൽ റീഫ് സ്റ്റേഷനും 2027ൽ പ്രവർത്തനയോഗ്യമായേക്കും. ബഹിരാകാശ ഗവേഷണങ്ങളുടെ നട്ടെല്ലായി രാജ്യാന്തര ബഹിരാകാശ നിലയം നിലനിന്ന കാലഘട്ടത്തിന്റെ അവസാനത്തിനാകും അടുത്ത പതിറ്റാണ്ട് സാക്ഷ്യം വഹിക്കുക. ഇതൊരുപക്ഷേ സ്വകാര്യ ബഹിരാകാശ നിലയങ്ങളുടെ ഉയർച്ചയ്ക്കും നാന്ദികുറിക്കും.

Top