ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി രാജ്യത്തെ ഇന്ധന ഉപഭോഗം

രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. അഞ്ചു ശതമാനത്തിലേറെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി.

എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്.

റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലൂടെയുള്ള ലാഭം മൂലം ഏറെക്കാലമായി എണ്ണവിലയില്‍ സ്ഥിരതവന്നതും ശക്തമായ ആഭ്യന്തര ഉപഭോഗവുമാണ് ഇതിന് കാരണമായി പറയുന്നത്.

മാര്‍ച്ചോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ ഏപ്രില്‍-മെയ് മാസങ്ങളില്‍ 50 ലക്ഷം ബാരലായി കുറയുമെന്നും വിലയിരുത്തലുണ്ട്.

ഫെബ്രുവരിയില്‍ പെട്രോളിന്റെ ഉപഭോഗം 8.9ശതമാനം ഉയര്‍ന്ന് 28 ലക്ഷം ടണ്ണായി. ഡീസലിന്റേതാകട്ടെ 7.5ശതമാനം ഉയര്‍ന്ന് 69.8 ലക്ഷം ടണ്ണുമായി. പാചക വാതകത്തിന്റെ വില്പന 0.1ശതമാനം ഇടിഞ്ഞ് 23.9 ലക്ഷം ടണ്ണായി.

Top