കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഭാഗത്തെ ടയര്‍ ഊരിത്തെറിച്ചു; ആളപായമില്ല

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഭാഗത്തെ ടയര്‍ ഊരിത്തെറിച്ചു. എറണാകുളം കോതമംഗലത്ത് വെച്ചാണ് സംഭവം. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനും സ്‌കൂളിനും സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

ടയര്‍ ഊരി തെറിച്ചു മാറിയിട്ടും ഏതാനും മീറ്റര്‍ മുന്‍പോട്ട് പോയതിന് ശേഷമാണ് വണ്ടി നിന്നത്. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും വന്‍ തിരക്ക് ഉണ്ടാകാറുള്ള സ്ഥലമാണിത്. ടയര്‍ ഊരിത്തെറിച്ചതോടെ മീറ്ററുകളോളം ബസ് ഉരഞ്ഞ് നീങ്ങിയതിന്റെ പാടുകള്‍ റോഡില്‍ ഉണ്ടായിട്ടുണ്ട്.

Top