പൗരത്വ നിയമം പൊടിപൊടിക്കുന്നു; ഇനി മോദി സര്‍ക്കാരിന് നോട്ടം ഏകീകൃത സിവില്‍ കോഡും, എന്‍ആര്‍സിയും

130 കോടി ഇന്ത്യന്‍ ജനങ്ങളുടെ അഭിലാഷമാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രതിഷേധത്തിന്റെ ആളിക്കത്തലാണ് സൃഷ്ടിച്ചിരിക്കുന്നത്. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ബിജെപി പ്രഖ്യാപിച്ച വാഗ്ദാനമാണ് ഇക്കുറി അവര്‍ നടപ്പാക്കിയത്.

പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ച ഇക്കാര്യങ്ങള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് നടപ്പാക്കിയെങ്കില്‍ മോദി സര്‍ക്കാരിന് ഇതിലും സുപ്രധാനമായ, വിവാദം സൃഷ്ടിക്കുന്ന പല തീരുമാനങ്ങളും ഇനിയും കൈക്കൊള്ളാന്‍ ബാക്കിയുണ്ട്. 2019ല്‍ ബിജെപി രണ്ടാമത് അധികാരത്തില്‍ എത്തിയത് മുതല്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത് നടപ്പാക്കുകയോ, കോടതി വിധിക്കുകയോ ചെയ്ത നിരവധി വാഗ്ദാനങ്ങളുണ്ട്.

മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, പൗരത്വ ഭേദഗതി ബില്‍ എന്നിവയാണ് ചുരുങ്ങിയ കാലം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇനി ബിജെപി പ്രകടനപത്രിക മുന്നോട്ട് വെയ്ക്കുന്ന ചില ആശയങ്ങള്‍ ഇതിലേറെ വിവാദത്തിന് വഴിയൊരുക്കുന്നതാണ്. ഏകീകൃത സിവില്‍ കോഡ്, ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുക, ഒരൊറ്റ തെരഞ്ഞെടുപ്പ്, ശബരിമല എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ല്‍ പറയുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാതെ സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടില്ലെന്നാണ് ബിജെപി കരുതുന്നത്. ആധുനിക കാലവുമായി ചേര്‍ന്ന രീതിയില്‍ നിയമം തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. അനധികൃത കുടിയേറ്റം മൂലം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സംഭവിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്.

പൗരത്വ നിയമത്തിന് പുറമെ പൗരത്വ രജിസ്റ്ററിന് എതിരെയും പ്രതിഷേധം ഉയരുമ്പോള്‍ മോദി സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങളില്‍ എത്രത്തോളം മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്.

Top