ഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഐതിഹാസിക തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോള്‍ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാല്‍ വലിയ കാര്യങ്ങള്‍ ഈ കാലയളവില്‍ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ദിരത്തില്‍ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയ്ക്ക് പകരം ഭാരത് ആവര്‍ത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. പാര്‍ലമെന്റില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി. ലോകം ഇന്ത്യയെ പുകഴ്ത്തുകയാണ്. ത്രിവര്‍ണ പതാക ചന്ദ്രനില്‍ പറക്കുന്നു, ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ ഭാഗമാണെന്നും രാജ്യമെങ്ങും പുതിയ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ജി20 സമ്മേളനത്തില്‍ രാജ്യത്തിന്റെ വൈവിധ്യം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാന്‍ നമുക്ക് സാധിച്ചു. ആഫ്രിക്കന്‍ യൂണിയന് ജി20ല്‍ അംഗത്വം ലഭിച്ചു. ഐകകണ്ഠേന ലോകരാജ്യങ്ങള്‍ പ്രമേയം പാസാക്കി. ജി20 യില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ച എല്ലാകാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.