സ്‌കൂട്ടര്‍ മുതല്‍ ട്രക്ക് വരെ ; സൗദിയില്‍ വനിതകള്‍ക്ക് ഇനി മുതല്‍ ഏതു വാഹനവും ഓടിയ്‌ക്കാം

റിയാദ് : സൗദിയില്‍ വനിതകള്‍ക്ക് ഇനി മുതല്‍ എല്ലാ വാഹനങ്ങളും ഓടിയ്‌ക്കാനുള്ള അനുമതി നല്‍കിയതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

ഇരു ചക്ര വാഹനങ്ങള്‍ മുതല്‍ ട്രക്കുകളടക്കമുള്ള വലിയ വാഹനങ്ങള്‍ വരെയും ഓടിയ്‌ക്കാനുള്ള അനുമതി വനിതകള്‍ക്ക് ലഭിച്ചു.

ഇത് സംബന്ധിച്ച് സൗദി ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് രാജാവിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

നേരത്തെ കാറുകളടക്കമുള്ള ചെറു വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയിരുന്നത്.

ഇക്കാര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ട്രക്കും സ്‌കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകള്‍ക്ക് ഇനി മുതല്‍ ഓടിക്കാന്‍ സാധിക്കും.

പുരുഷന്മാര്‍ക്ക് ഉള്ളത് പോലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും വാഹനം ഓടിയ്‌ക്കുവാന്‍ അനുവദിക്കുക എന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കുന്നു.

2018 ജൂണ്‍ മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കുവാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സൗദി നിയമപ്രകാരം ഗതാഗത നിയമത്തില്‍ എല്ലാവരും തുല്യരാണെന്നതിനാല്‍ നിയമം നടപ്പിലാകുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനകളൊന്നും ഉണ്ടാകില്ല.

Top